വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി.

പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.

എട്ടുവര്‍ഷംവരെ പഴക്കമുള്ള വാഹനങ്ങള്‍ക്കു രണ്ടുവര്‍ഷത്തേക്കും എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്കുമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തേക്കായിരിക്കും ഫിറ്റ്നസ് നല്‍കുക. കരടുവിജ്ഞാപനം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും 30 ദിവസത്തിനകം jspbmorth@gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം.

കരടുവിജ്ഞാപനത്തിലെ നിര്‍ദേശം (നിലവിലുള്ള നിരക്ക് ബ്രാക്കറ്റില്‍)

ഇരുചക്രവാഹനം

രജിസ്ട്രേഷന്‍-1000 രൂപ (50 രൂപ)

പുതുക്കല്‍- 2000 രൂപ (50 രൂപ)

മുച്ചക്രവാഹനങ്ങള്‍

രജിസ്ട്രേഷന്‍- 5000 രൂപ (300 രൂപ)

പുതുക്കല്‍- 10000 രൂപ (300 രൂപ)

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്

രജിസ്ട്രേഷന്‍- 5,000 രൂപ (600 രൂപ)

പുതുക്കല്‍- 15,000 രൂപ (600 രൂപ)

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- ട്രാന്‍സ്‌പോര്‍ട്ട്

രജിസ്ട്രേഷന്‍- 10,000 രൂപ (1000 രൂപ)

പുതുക്കല്‍- 20,000 രൂപ (1000 രൂപ)

മീഡിയം ഗുഡ്സ്/പാസഞ്ചര്‍ വെഹിക്കിള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (1000 രൂപ)

പുതുക്കല്‍- 40,000 രൂപ (1000 രൂപ)

ഹെവി ഗുഡ്സ്/ പാസഞ്ചര്‍ വെഹിക്കിള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (1500 രൂപ)

പുതുക്കല്‍- 40,000 രൂപ (1500 രൂപ)

ഇറക്കുമതി വാഹനങ്ങള്‍

ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍

രജിസ്ട്രേഷന്‍- 5000 രൂപ (2500 രൂപ)

പുതുക്കല്‍- 10,000 രൂപ (2500 രൂപ)

നാലുചക്രവാഹനങ്ങള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (5000 രൂപ)

പുതുക്കല്‍- 40,000 രൂപ (5000 രൂപ)

Top