കൊച്ചി: നികുതി വെട്ടിക്കുന്നതിനായി വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
കേരളത്തില്‍ ഉപയോഗിക്കുന്ന ആഢംബര കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് വ്യാപകമായി നികുതി വെട്ടിക്കുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ഈ നടപടി.
സംസ്ഥാനത്തു നിന്നു വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത 1187 വാഹനങ്ങളുടെ വിവരങ്ങളാണ് കണ്ടെത്തിയത്. ഈ വാഹനങ്ങളുടെ ഉടമകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചു.
ഫഹദ് ഫാസില്‍, അമലാ പോള്‍, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരുടെ പലരുടെയും ആഢംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
എറണാകുളത്ത് മാത്രം പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള 800 ആഡംബരവാഹനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ സര്‍വീസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരോ വാഹനത്തിലും ശരാശരി 20 ലക്ഷം രൂപയുടെ നികുതിനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.