കൊച്ചി: ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു.
ലോറികള്‍, മിനിലോറികള്‍, ടിപ്പറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ഗ്യാസ് സിലിണ്ടര്‍ കാര്യേജ് ലോറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചരക്കുവാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, കഐസ്ആര്‍ടിസി നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, സ്പീഡ് ഗവര്‍ണര്‍ നിയമം പിന്‍വലിക്കുക, ടോള്‍ നിരക്കിലെ ക്രമാതീതവര്‍ധനയും പിരിവും അവസാനിപ്പിക്കുക, ആര്‍ടി ഓഫീസുകളിലെ ഫീസ് വര്‍ധനകള്‍ പിന്‍വലിക്കുക, നിര്‍മാണ വസ്തുക്കളായ മണല്‍, ചെങ്കല്ല്, വെട്ടുകല്ല്, കരിങ്കല്ല്, ചുവന്ന മണ്ണ് എന്നിവയ്ക്കു കടത്തുപാസ് അനുവദിക്കുന്നതിനുള്ള സമഗ്രനിയമം നടപ്പില്‍വരുത്തുക തുടങ്ങിയ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍.
കോഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍സ് ഓര്‍ഗനൈസേഷന്‍(സിഎംഒ) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.