തിരുവനന്തപുരം: ബുധനാഴ്ച മുതൽ ഓണ്‍ലൈൻ സംവിധാനം വഴി എല്ലാ മോട്ടോർ വാഹനങ്ങൾക്കും നികുതി അടയ്ക്കാനുളള സംവിധാനം നിലവിൽ വരും.
നേരത്തെ പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഓണ്‍ലൈൻ സംവിധാനം ഉണ്ടായിരുന്നത്. പഴയവാഹനങ്ങളുടെ നികുതി അടയ്ക്കുവാൻ ഓഫീസുകളിലെ കൗണ്ടറുകളിൽ എത്തണമായിരുന്നു. പുതിയ സംവിധാനത്തോടെ ഇതിന് മാറ്റമാകും.
ഇന്റർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ ഇനിമുതൽ സ്വന്തം വീട്ടിലിരുന്നും മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി നികുതി അടയ്ക്കാം. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് അക്ഷയ സെന്ററുകളും ഇ-സേവന കേന്ദ്രങ്ങൾ വഴിയും നികുതി അടയ്ക്കാം.
മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുമ്പോൾ ഇൻഷ്വറൻസ് പോളിസി സർട്ടിഫിക്കറ്റും വാഹന തൊഴിലാളികൾക്കുളള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈനായി നികുതി അടച്ചു കഴിഞ്ഞാൽ വാഹന ഉടമയ്ക്ക് താത്കാലിക രസീതിന്റെ പ്രിന്റ് സ്വയമെടുക്കാൻ സാധിക്കും.