ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നമ്പറുകള്‍ ക്രമീകരിച്ച് ഇളവ് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 20ന് ശേഷം ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ഒന്നിടവിട്ട് ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ വാഹനത്തിന് ഇളവുകളുണ്ടാവും. വാഹന വിപണിക്കാരുടെ പക്കല്‍ ധാരാളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നുണ്ട്. അവ കേടാകാതിരിക്കാന്‍ ഇടക്ക് സ്റ്റാര്‍ട്ട് ചെയ്യണം.

ഉപയോഗിച്ച വാഹനങ്ങള്‍, നിര്‍ത്തിയിട്ട സ്വകാര്യ വാഹനങ്ങള്‍ ഇവയ്ക്കെല്ലാം സ്റ്റാര്‍ട്ട് ചെയ്യാന്‍ ആഴ്ചയില്‍ ഒരു ദിവസം ഉപയോഗിക്കാം. സ്വകാര്യ ബസുകാര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാല് പേര്‍ക്കാണ് കൊവഡ്, കോഴിക്കോട് രണ്ട് , കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ ഭേദമായത്. അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ സമ്പര്‍ക്കം മൂലം വന്നതുമാണ്.

ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 88332 പേരും ആശുപത്രികളില്‍ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

Top