പരിശോധനയ്ക്കായി ഇന്ത്യയില്‍ 22,834 കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. എയര്‍ബാഗിന്റെ നിര്‍മാണത്തിലുണ്ടായ പിഴവാണ് ഇത്തരത്തില്‍ വാഹനങ്ങളെ തിരിച്ചു വിളിക്കുവാന്‍ കാരണമായിരിക്കുന്നത്. 2013 ല്‍ നിര്‍മ്മിച്ച അക്കോഡ്, സിറ്റി, ജാസ് എന്നീ മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിയ്ക്കാന്‍ ഒരുങ്ങുന്നതെന്ന് ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എല്‍) വ്യക്തമാക്കി.
പ്രീമിയം സെഡാനായ അക്കോഡ് 510 എണ്ണവും ഇടത്തരം സെഡാനായ സിറ്റി 22,084 എണ്ണവും പ്രീമിയം ഹാച്ച്ബാക്കായ ജാസ് 240 എണ്ണവുമാണ് തിരിച്ചുവിളിക്കുക. ജപ്പാനിലെ തകാത്ത കോര്‍പറേഷന്‍ വിതരണം ചെയ്ത എയര്‍ബാഗുകളിലാണു നിര്‍മ്മാണ പിഴവ് സംശയിക്കുന്നത്. ഇതോടെ എയര്‍ബാഗ് തകരാറിന്റെ പേരില്‍ ഹോണ്ട കാഴ്‌സ് തിരിച്ചുവിളിച്ച വാഹനങ്ങളുടെ മൊത്തം എണ്ണം 3.13 ലക്ഷം യൂണിറ്റാകും.
ആഗോളതലത്തില്‍ കമ്പനി നടത്തുന്ന പരിശോധനയുടെ ഭാഗമാണ് ഇന്ത്യയിലും വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്നാണ് ഹോണ്ട നല്‍കുന്ന വിശദീകരണം. വാഹന പരിശോധന ഉടനടി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.