പാലക്കാട്: രാജ്യത്തെ പിടിച്ചുലച്ച എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ‘അജ്ഞാതര്‍’ സടത്തിയ ഹര്‍ത്താല്‍ ആഹ്വാനത്തിന് പ്രതികരണവും ശക്തം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ വ്യാപകമായി തടയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്ന ആഹ്വാനം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ഈ സന്ദേശം മാനിച്ച് സഹകരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇത് കേരളത്തെ സംബന്ധിച്ച് പുതിയ കാഴ്ചയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നാഥനില്ലാ ഹര്‍ത്താലിന് ലഭിക്കുന്ന പ്രതികരണം കണ്ട് അന്തം വിട്ടിരിക്കുകയാണ്. മലയാളികളുടെ മനസ്സിനെയും ഏറെ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു ജമ്മുകശ്മീരിലെ കത്വവയില്‍ അരങ്ങേറിയത്.
ഹര്‍ത്താല്‍ പ്രതികരണങ്ങള്‍ :
കാസര്‍ഗോഡ്
ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ തെക്കില്‍ ഭാഗത്തു കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഡ്രൈവര്‍ക്കു സാരമായ പരുക്കേറ്റു. ജില്ലയില്‍ ഹോട്ടലുകള്‍ അടക്കം കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് തുടരുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നുണ്ട്.
വയനാട്
ഹര്‍ത്താല്‍ അനുകൂലികള്‍ കല്‍പറ്റ നഗരത്തില്‍ കടകള്‍ അടപ്പിച്ചു. രാവിലെ എട്ടുമണിയോടെയാണ് ഒരു സംഘം നിരത്തിലിറങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി ചില രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നു.
മലപ്പുറം
മലപ്പുറത്ത് മിക്കയിടത്തും വാഹനം തടയലും സംഘര്‍ഷവും നടന്നു. പലയിടത്തും കടകള്‍ അടഞ്ഞുകിടക്കുകയാണ്. ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ സര്‍വീസുകള്‍ മാത്രമേ നിരത്തിലുള്ളൂ. കോഴിക്കോട് – മലപ്പുറം – പാലക്കാട് റൂട്ടില്‍ രാമപുരം, മക്കരപ്പറമ്പ്, തിരൂര്‍ക്കാട് എന്നിവിടങ്ങളിലും കൊണ്ടോട്ടിയില്‍ വിവിധ കേന്ദ്രങ്ങളിലും വാഹനം തടയുന്നു. പെരിന്തല്‍മണ്ണ – പട്ടാമ്പി റൂട്ടിലും ഗതാഗതതടസ്സമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കുട്ടികളാണ് വാഹനം തടയുന്നത്
മഞ്ചേരി, പെരിന്തല്‍മണ്ണ നഗരങ്ങളില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ പ്രകടനം നടത്തി. കോഴിക്കോട് മലപ്പുറം റൂട്ടില്‍ കൊണ്ടോട്ടിയില്‍ റോഡില്‍ ടയര്‍ കത്തിച്ചു. കുറ്റിപ്പുറത്ത് പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു. വണ്ടൂരില്‍ മത്സ്യ–മാംസ മാര്‍ക്കറ്റുകള്‍ അടപ്പിച്ചു. വെട്ടത്തൂര്‍ മണ്ണാര്‍മലയില്‍ വാഹനം തടഞ്ഞ 26 പേരെ കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍
കണ്ണൂരില്‍ പലയിടത്തും കടകള്‍ അടഞ്ഞു കിടക്കുകയാണ്. ചിലയിടത്തു വാഹനങ്ങള്‍ തടയുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരും ചിലയിടത്തു വാഹനം തടയുന്നുണ്ട്. വിഷുവിനു പിറ്റേന്നു മിക്ക കടകളും അടഞ്ഞു കിടക്കുന്നതാണു ജില്ലയുടെ പല ഭാഗങ്ങളിലും പതിവെങ്കിലും ഇന്നു മറ്റു പ്രദേശങ്ങളിലും കടകള്‍ തുറന്നിട്ടില്ല. കണ്ണൂര്‍ നഗരത്തില്‍ ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്.
പാലക്കാട്ട്
പാലക്കാട്ട് വാഹനം തടയാന്‍ തുടങ്ങിയതോടെ സ്ഥലത്തേക്കു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു തുടങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സുല്‍ത്താന്‍പേട്ട ജംക്ഷനില്‍ അജ്ഞാതര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. വാഹനം തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം
കോട്ടയ്ക്കകം, ചാല എന്നിവിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ക്ക്‌നേരെ കല്ലെറിയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. നെടുമങ്ങാട്, പനവൂര്‍ ഭാഗങ്ങളില്‍ ഹര്‍ത്താലിന്റെ പേരു പറഞ്ഞ് ചിലര്‍ റോഡു തടഞ്ഞു. വെള്ളനാട് കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല
കൊച്ചി
കൊച്ചിയില്‍ ഹര്‍ത്താലിന്റെ പേരില്‍ ബ്രോഡ് വേ മറൈന്‍ ഡ്രൈവ് പരിസരത്തെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ
കലവൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തി വീശി. നഗരത്തില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 26 പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.