ഷാര്‍ജ: നിയമങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും, ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഷാര്‍ജ പൊലീസ്. കൂടാതെ നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും, ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ എമിറേറ്റ്‌സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുകയും അപകടകരമായി ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ആയ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷാര്‍ജ പൊലീസ്.