ആലപ്പുഴ: കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അശോകന്‍ പറഞ്ഞു. രണ്ടുപേരുടെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
വെള്ളാപ്പള്ളി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേയ്ക്ക് മാറ്റിയത്. വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയത്.
മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവില്‍ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് കേസെടുത്തിരിക്കുന്നത്.