ബിഷപ്പ് കേസ് ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികമെന്ന് വെള്ളാപ്പള്ളി നടേശന്‍

vellapally

കൊല്ലം: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതികരിച്ച് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. സാധാരണക്കാരായിരുന്നുവെങ്കില്‍ അറസ്റ്റ് ചെയ്യുമായിരുന്നു. കന്യാസ്തീകളുടെ സമരത്തെക്കുറിച്ച് എസ്എന്‍ഡിപി യോഗത്തിന് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വീണ്ടും വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. സമരം നടത്തുന്നതിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസ്ത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.

സമരത്തിനു പിന്നില്‍ ദുരുദ്ദേശമാണെന്ന ആരോപണവുമായി കോടിയേരി കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സമരമെന്നും സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചിരുന്നു.

സ്ത്രീ പീഡകര്‍ ആരായാലും രക്ഷപ്പെടില്ല. പാതിരിയായാലും മുക്രി ആയാലും പൂജാരിയായാലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും
ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച് നടപടി സ്വീകരിക്കുമെന്നും അതിനുള്ള കാലതാമസത്തിന്റെ പേരില്‍ സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും തെളിവുണ്ടെങ്കില്‍ പ്രതികള്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും സമരകോലാഹലങ്ങള്‍ ഉണ്ടാക്കി പൊലീസ് നടപടികള്‍ തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top