കൊച്ചി: ആലുവയില്‍ വച്ച് നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ഹര്‍ജി മറ്റെന്നാള്‍ പരിഗണിക്കും.
സമത്വ മുന്നേറ്റ യാത്രയുടെ ഭാഗമായി ആലുവയില്‍ താന്‍ നടത്തിയ പ്രസംഗം ആര്‍ക്കും എതിരായിരുന്നില്ല. ധനസഹായ വിതരണത്തിലെ വിവേചനത്തിനെതിരെയാണ് പ്രസംഗിച്ചത്. മണപ്പുറത്ത് നടത്തിയ പ്രസംഗത്തില്‍ ഒരു മതത്തെയും അധിക്ഷേപിച്ചിട്ടില്ല. എല്ലാ വിഭാഗത്തിനും ഭരണത്തില്‍ നിന്ന് തുല്യനീതിയും സംരക്ഷണവും നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
തന്റെ പ്രസംഗം വിദ്വേഷം വളര്‍ത്തുന്നത് ആണെന്ന് മതനേതാക്കളോ സാമുദായിക നേതാക്കളോ പരാതി നല്‍കിയിട്ടില്ല. ആകെ പരാതി നല്‍കിയത് രാഷ്ട്രീയ നേതാക്കളാണ്. താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിലുള്ള എതിര്‍പ്പിന്റെ പേരിലാണ് തനിക്കെതിരെ യു.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ വൈരത്തോടെയുള്ള നീക്കമാണിതെന്നും വെള്ളാപ്പള്ളി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചത് മുസ്ലീം ആയതിനാലാണെന്നും മരിക്കണമെങ്കില്‍ മുസ്ലീമായി മരിക്കണമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം.