വനിതാമതിൽ ചരിത്ര വിജയമായാൽ മുതലെടുപ്പ് നടത്താൻ വെള്ളാപ്പള്ളിയും !

സ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ താല്‍പ്പര്യത്തില്‍ പിറന്ന സംഘടനയാണ് ഭാരത് ധര്‍മ്മ ജന സേന എന്ന ബി.ഡി.ജെ.എസ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരനായി മാറിയ വെള്ളാപ്പള്ളി അതുവഴി ഉണ്ടാക്കിയ നേട്ടവും ചെറുതല്ല.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തിന് വലിയ പങ്കുണ്ട്‌, അത് ഈ നാട് അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ആ സംഘടന തന്നെ പിരിച്ചുവിടുമായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഗുരു തെളിച്ച പാതയിലൂടെയല്ല പിന്‍മുറക്കാരായ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്.

അധികാര മോഹവും ദാര്‍ഷ്ട്യവും സംഘടനയെ കുടുംബ സ്വത്താക്കി മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം ഏത് നേതാവ് നടത്തിയാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

തന്റെ സാമൂഹിക പരിഷ്‌ക്കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ.പല്‍പുവിന്റെ പ്രേരണയില്‍ 1903 ല്‍ ആണ് എസ്.എന്‍.ഡി.പി യോഗം ശ്രീനാരായണ ഗുരു സ്ഥാപിച്ചത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതാണ് അദ്ദേഹത്തിന്റെ ആശയം.

ഈഴവ സമൂഹത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു സവര്‍ണ്ണമേധാവിത്വത്തിനും സാമൂഹിക തിന്‍മകള്‍ക്കും എതിരെ പ്രവര്‍ത്തിച്ച് താഴ്ന്ന ജാതിക്കാര്‍ക്ക് ആശ്രയമായി മാറി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌ക്കര്‍ത്താവ് കൂടിയാണ് അദ്ദേഹം.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാല ഘട്ടത്തില്‍ പോലും ബ്രാഹ്മണരെയും മറ്റു സവര്‍ണ്ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സാമുഹിക തിന്‍മകള്‍ക്കെതിരായ മാതൃകാപരമായ പോരാട്ടമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ജീവിതം.

മഹാനായ ഗുരുദേവന് വാക്കും പ്രവര്‍ത്തിയും എല്ലാം ഒന്നായിരുന്നു. മുന്‍പുണ്ടായിരുന്ന എസ്.എന്‍.ഡി.പി യോഗഭാരവാഹികളില്‍ ഭൂരിപക്ഷവും ഗുരുവിന്റെ പാത പിന്‍തുടര്‍ന്നവരായിരുന്നു.

രാഷ്ട്രീയത്തില്‍ എസ്.എന്‍.ഡി.പി യോഗം ഇടപെടുന്നതിന് എതിരായ വികാരം മാനിക്കാതെയാണ് വെള്ളാപ്പള്ളി മുന്‍കൈ എടുത്ത് ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പച്ചക്കൊടി കാട്ടിയത്.

മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തന്നെ ആ പാര്‍ട്ടിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ച് കാവി പാളയത്തില്‍ കെട്ടുകയും ചെയ്തു. വെള്ളാപ്പള്ളിമാരുടെ അധികാര മോഹം എന്നതിനപ്പുറം മറ്റൊരു സമുദായ താല്‍പ്പര്യവും ഈ നീക്കത്തിന് പിന്നില്‍ ഉണ്ടായിരുന്നില്ല.

SNDP_BDJS

തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി നടത്തുമെന്ന വീരവാദം മുഴക്കി രംഗപ്രവേശം ചെയ്ത ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളുടെ മാനം പോകാതെ കാത്തത് ബി.ജെ.പി വോട്ടുകള്‍ കൊണ്ട് മാത്രമാണ്.

എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റും ബി.ഡി.ജെ.എസ് നേതൃത്വവും ആഹ്വാനം ചെയ്താല്‍ ഉടനെ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കാന്‍ ഈഴവ സമുദായം ഒറ്റക്കെട്ടായി രംഗത്ത് വരുമെന്നത് സംഘപരിവാറിന്റെ തെറ്റായ കണക്ക് കൂട്ടലായിരുന്നു. ഒപ്പമുള്ള ബി.ജെ.പിക്ക് ഇക്കാര്യം മനസ്സിലായതുകൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ചാടിക്കയറി എം.പിയാക്കാതെ ഒഴിവാക്കിയത്.

ബി.ജെ.പിക്ക് മനസ്സിലായ ഈ യാഥാര്‍ത്ഥ്യം സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ഈഴവ സമുദായം പിന്തുണക്കുന്ന സി.പി.എമ്മിനും ഇടതുപക്ഷത്തിനും മനസ്സിലാകുന്നില്ലെങ്കില്‍ അത് കഷ്ടമാണ്.

നവോത്ഥാന വനിതാ മതില്‍ കെട്ടാന്‍ വെള്ളാപ്പള്ളിയും മകനും നേതൃത്വം നല്‍കുന്ന സംഘടനകളുടെ പിന്തുണ ഇവിടെ സി.പി.എമ്മിന് ആവശ്യമില്ല. ഗുരുദേവന്റെ ആശയമല്ല ഇപ്പോള്‍ ആ സംഘടനയുടെ തലപ്പത്തുള്ളവര്‍ നടപ്പാക്കുന്നത് എന്ന് തിരിച്ചറിയണമായിരുന്നു.

രാഷ്ട്രീയ നേട്ടം എന്നതിലുപരി തങ്ങള്‍ക്കെതിരെയുള്ള കേസുകളും അന്വേഷണങ്ങളും തടയാനുള്ള മതിലായും വനിതാ മതിലിനെ ഇക്കൂട്ടര്‍ കാണും.

ജനലക്ഷങ്ങള്‍ അണിനിരക്കുന്ന വനിതാ മതില്‍ വന്‍ വിജയമായാല്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് രംഗത്ത് വരുന്നതും ഇത്തരം ജാതി സംഘടനകളായിരിക്കും. അവര്‍ക്ക് രാഷ്ട്രീയ മേഖലയില്‍ വിലപേശാനുള്ള അവസരമാണ് അറിഞ്ഞോ അറിയാതെയോ സര്‍ക്കാറും ഇടതുപക്ഷവും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

വനിതാ മതില്‍ ചരിത്രമായാലും ഇല്ലെങ്കിലും അതിന്റെ പരിപൂര്‍ണ്ണ ക്രെഡിറ്റ് സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. ഇനി തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത്, വെള്ളാപ്പള്ളിയുടെ സംഘടന ഉള്‍പ്പെടെയുള്ള ജാതി സംഘടനകളുടെ സാന്നിധ്യം മൂലമായിരിക്കും.

vellappally pinarayi

എന്തിന് ഇത്തരം സംഘടനകളെ സഹകരിപ്പിക്കുന്നു എന്ന ചോദ്യത്തിന് സി.പി.എം അണികള്‍ക്ക് പോലും തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ല. ജാതി- മത സംഘടനാ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും ഭരണകൂടത്തെ സ്വാധീനിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

വനിതാ മതിലിന്റെ മറവില്‍ ഇടതുപക്ഷ മുന്നണി പ്രവേശനം ബി.ഡി.ജെ.എസ് ആഗ്രഹിക്കുന്നതായ വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വിരട്ടി കാര്യങ്ങള്‍ നേടിയെടുത്ത എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും ഒരു ഇടപാടും ഇതുവരെ പിണറായി സര്‍ക്കാറിന്റെ അടുത്ത് നടന്നിട്ടില്ല.

ഒരു സമുദായ നേതാവിന്റെ വീട്ടിലും മുഖ്യമന്ത്രി പോയി തല കുനിച്ച് നിന്നിട്ടുമില്ല. ഇതെല്ലാം ആവേശപ്പെടുത്തുന്ന കാര്യങ്ങള്‍ തന്നെയാണെങ്കിലും വനിതാ മതിലില്‍ കൈ കൊടുത്തത് ഏത് സാഹചര്യത്തിലാണെങ്കിലും തെറ്റായ നടപടി തന്നെയാണ്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ടത്തിനു മീതെ ഇവിടെ ആരും തന്നെ ഒരു പോരാട്ടവും നടത്തിയിട്ടില്ല. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ചോരയില്‍ എഴുതിയ ആ പോരാട്ടങ്ങളുടെ ഓര്‍മ്മ മാത്രം മതി വനിതാ മതിലിനു കരുത്ത് പകരാന്‍.

Political Reporter

Top