മഹാനായ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗം എന്ന സംഘടന ഒരു കുടുംബത്തിന്റെ നിയന്ത്രണത്തില്‍ എത്തിയതാണ് ഈഴവ സമൂഹം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മഹാന്‍മാരായ നിരവധി പേര്‍ ഇരുന്ന കസേരകളിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ഇരിക്കുന്നത്.
നിലപാടുകള്‍ നിന്ന നില്‍പ്പില്‍ പലവട്ടം മാറ്റി കേരള ജനതക്കു മുന്നില്‍ പരിഹാസ്യരായവരാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. മകനെ പിന്‍ഗാമിയാകാന്‍ യോഗത്തില്‍ ഭാരവാഹിത്വം നല്‍കിയതിനു പിന്നാലെ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രിയ പാര്‍ട്ടി തന്നെ രൂപീകരിച്ച് കാവി പാളയത്തില്‍ കൊണ്ടു കെട്ടുകയും ചെയ്തു. മകനെ അവിടെ നിര്‍ത്തി പുറത്ത് നിന്ന് സംഘ പരിവാറിനെതിരെയും കലഹിച്ചു. ഇതെല്ലാം ഒരു നാടകമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്.
സര്‍ക്കാര്‍ നേതൃത്വത്തില്‍ പ്രഖ്യാപിച്ച വനിതാ മതിലിന്റെ സംഘാടക തലപ്പത്ത് ഇരുന്ന് പരിപാടിയെ പുകഴ്ത്തിയ വെള്ളാപ്പള്ളി ഇപ്പോള്‍ ഭാര്യയെയും മകനെയും രംഗത്തിറക്കിയാണ് തരം താണ രാഷ്ട്രീയം പയറ്റുന്നത്. നവോത്ഥാന മതിലിനെ അച്ഛനൊപ്പം അനുകൂലിച്ച തുഷാര്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ കാണിച്ചത് തറവേലയാണെന്നാണ് പ്രതികരിച്ചിരുന്നത്.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ – പുരുഷ സമത്വം ഉയര്‍ത്തി പിടിക്കാനും നടത്തിയ വനിതാ മതിലിന്റെ പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയോ സി.പി.എമ്മോ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല.
സ്ത്രീ- പുരുഷ സമത്വം എന്ന മുദ്രാവാക്യം തന്നെ ശബരിമലയിലടക്കമുള്ളവയില്‍ യുവതീ പ്രവേശനം കൂടി ലക്ഷ്യമിട്ടായിരുന്നു. ഇക്കാര്യം പരിപാടിയുടെ മുഖ്യ ചുമതലക്കാരനായിരുന്ന വെള്ളാപ്പള്ളിക്കും കുടുംബത്തിനും അറിയാമായിരുന്നില്ലേ ? അപ്പോള്‍ തറ വേല കാണിച്ചത് ആരാണ് എന്നതിന് മറുപടി നിങ്ങളാണ് പറയേണ്ടത്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തന്നെയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്.
നവോത്ഥാന മൂല്യങ്ങളും സ്ത്രീ- പുരുഷ സമത്വവും ഉയര്‍ത്തി പിടിച്ച വനിതാ മതിലിന്റെ മഹാവിജയത്തെ തുടര്‍ന്ന് ഇപ്പോള്‍ തുഷാറിനു പിന്നാലെ അദ്ദേഹത്തിന്റെ അമ്മയും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശനും രംഗത്തു വന്നിരിക്കുകയാണ്.
രണ്ടാം നവോത്ഥാനമെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചതായാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആഞ്ഞടിച്ചിരിക്കുന്നത്.
ഇരുട്ടത്ത് രഹസ്യമായി നടക്കേണ്ടതല്ല നവോത്ഥാനമെന്നാണ് പ്രീതി നടേശന്‍ തുറന്നടിക്കുന്നത്. ഈ കാര്യം നവോത്ഥാന മതിലിന്റെ പ്രധാന സംഘാടകനായ സ്വന്തം ഭര്‍ത്താവിനോടായിരുന്നു പ്രീതി നടേശന്‍ ആദ്യം ചോദിക്കേണ്ടിയിരുന്നത്.
എന്തു കണ്ടിട്ടാണ് നിങ്ങള്‍ നവോത്ഥാന മതിലില്‍ പങ്കാളികളായത്. നിലപാട് സര്‍ക്കാര്‍ പലവട്ടം വ്യക്തമാക്കിയത് അറിയാമായിരുന്നില്ലേ ? സര്‍ക്കാറും ഇടതുപക്ഷവും ഇവിടെ ഒരു നിലപാടും മാറ്റിയിട്ടില്ല. എതിര്‍പ്പുകളെ രാഷ്ട്രിയമായി നേരിടാന്‍ അവര്‍ ‘സ്ത്രീകളുടെ വന്‍ മതില്‍ തീര്‍ത്തു. അതാണ് യാഥാര്‍ത്ഥ്യം.
ഇതേ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടു തന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ സംഘാടക സമിതിയുമായി സഹകരിച്ചത്. ഇപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റുന്നത് എന്തായാലും ശരിയായ നിലപാടല്ല.
സര്‍ക്കാര്‍ നിലപാടുകളെ സംഘപരിവാറിന് എതിര്‍ക്കാം, അത് അവരുടെ രാഷ്ട്രീയപരമായ കടമയാണ്. എന്നാല്‍ വനിതാമതിലില്‍ കണ്ണിയായ ശേഷം ഇപ്പോള്‍ മുഖ്യമന്ത്രി വഞ്ചിച്ചു എന്ന് പ്രീതി നടേശന്‍ പറയുന്നത് ശരിയായ നടപടിയല്ല. വെള്ളാപ്പള്ളി നടേശന്റെ അറിവോടെയല്ലാതെ ഇത്തരം ഒരു പ്രതികരണം ഭാര്യ നടത്താനും സാധ്യത കുറവാണ്.
ഇത് തരം താണ നിലപാടാണ്. ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ വെള്ളാപ്പള്ളി കുടുംബം തയ്യാറാകണം. എസ്.എന്‍.ഡി.പി യോഗം ഭാരവാഹിത്വം ആരുടെയും കുത്തകയല്ല, നവോത്ഥാനം ആ സംഘടനയുടെ തലപ്പത്തും ആദ്യം നടപ്പാക്കേണ്ടതുണ്ട് എന്ന വാദങ്ങളെയും ഇനി തള്ളിക്കളയാന്‍ കഴിയില്ല.
വനിതാ മതില്‍ ചരിത്ര വിജയമായത് അവസരവാദ സമുദായ നേതാക്കളുടെ സംഘാടന മികവ് കൊണ്ടല്ല മറിച്ച് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്ത് കൊണ്ടാണ്. പ്രത്യേയ ശാസ്ത്രപരമായ കെട്ടുറപ്പ് കേരളത്തിന്റെ മണ്ണില്‍ ചുവപ്പ് രാഷ്ട്രിയത്തിന് ഉള്ളടിത്തോളം ഒരു ജാതി – മത സംഘടനകളുടെയും പിന്തുണ ആവശ്യമില്ലന്നതാണ് വസ്തുത.
political reporter