കൊച്ചി: തന്റെ സുരക്ഷ വെട്ടിക്കുറക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ യാതൊരു പ്രതിഷേധവും ഇല്ല. സുരക്ഷ ഏര്‍പ്പെടുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പിന്‍വലിക്കുന്നതില്‍ തനിക്ക് പരാതിയൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സുരക്ഷാ അവലോകന സമിതിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അടക്കമുളളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സംവിധാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭയുടെ നിര്‍ദേശം കണക്കിലെടുത്താണ് ഈ തീരുമാനം.
ഇതോടൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വെളളാപ്പള്ളി നടേശന്‍ എന്നിവരുടെ സുരക്ഷ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ സുരക്ഷക്കായി ആറു പൊലീസുകാരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ഇത് കൂടാതെ കേന്ദ്രസര്‍ക്കാരും വെള്ളാപ്പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.