സി.പി.എമ്മിന്റെ വിഭാഗീയതയാണ് അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : സി.പി.എമ്മിന്റെ വിഭാഗീയതയാണ് അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയതെന്ന് വെള്ളാപ്പള്ളി നടേശന്‍. ജി.സുധാകരന്റെ പ്രവര്‍ത്തനമാണ് സി.പി.എമ്മിന് കെട്ടിവച്ച കാശെങ്കിലും തിരിച്ച്കിട്ടാന്‍ കാരണമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

സഹതാപ തരംഗമാണ് ഷാനിമോള്‍ വിജയിക്കാന്‍ കാരണം. അരൂര്‍ സി.പി.എമ്മിന് ബാലികേറാമലയല്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്നും വെള്ളാപ്പള്ളിയും കുറ്റപ്പെടുത്തി. പാര്‍ട്ടി ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് തന്നെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സി.പി.എമ്മിലെ ഭിന്നതയും ഗ്രൂപ്പിസവുമാണ് പരാജയത്തിന്റെ പ്രധാന കാരണം. അരൂരില്‍ വികസനം നടത്തിയെന്നത് വെറും പുകമറയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Top