അച്ഛന്റെയും മകന്റെയും രാഷ്ട്രീയ കളിക്ക് കൂട്ടു നില്‍ക്കരുതെന്ന നിലപാട് സംഘപരിവാറില്‍ ശക്തമാവുന്നു.
വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നടത്തുന്ന നീക്കങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന നിലപാട് അണികളില്‍ മാത്രമല്ല നേതാക്കളിലേക്കും പടര്‍ന്നു കഴിഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഉള്‍പ്പെടെ തനിക്കു നേരെ വരാനിടയുള്ള കേസുകള്‍ പേടിച്ചാണ് ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നതെന്നാണ് സംഘ പരിവാര്‍ നിലപാട്.
ശബരിമല വിഷയത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതിന്റെ മുഖ്യ ചുമതലയില്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി നിയോഗിച്ചത് സംഘ പരിവാര്‍ ഇപ്പോള്‍ നടത്തുന്ന സമരം പൊളിക്കുന്നതിനു വേണ്ടി ആയതിനാല്‍ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കരുതെന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ശക്തമാകുന്നത്.
വെള്ളാപ്പള്ളിയും എസ്.എന്‍.ഡി.പി യോഗവും അപ്പുറം നില്‍ക്കുമ്പോള്‍ പിന്നെ തുഷാറിനെയും ബി.ഡി.ജെ.എസിനെയും ഒപ്പം കൂട്ടിയിട്ട് വലിയ കാര്യമില്ലെന്ന നിലപാടിലാണ് ബി.ജെ.പിയിലെ ഒരു വിഭാഗം. ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അണിയറയില്‍ നീക്കമുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനമാനങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ബിജെപിയോട് സഹകരിക്കുന്നതെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികളെ ഇതിനകം തന്നെ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വം ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ചിലര്‍ ഇതിനകം തന്നെ പിന്‍ വാങ്ങിയത് ഈ ഇടപെടലിന്റെ ഭാഗമായാണ് എന്നാണ് ലഭിക്കുന്ന വിവരം.
സര്‍ക്കാറുമായി സഹകരിക്കുന്ന ഹൈന്ദവ സംഘടനകള്‍ക്ക് കേരളത്തില്‍ വനിതാ മതില്‍ സൃഷ്ടിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ അവരെ മുന്‍ നിര്‍ത്തി സിപി.എം കുടുംബങ്ങളിലെ സ്ത്രീകളെ രംഗത്തിറക്കാനാണ് പദ്ധതിയെന്നും സംഘപരിവാര്‍ ആരോപിക്കുന്നു.
കേരളത്തിലെ വിശ്വാസി സമൂഹം ഈ നീക്കം പൊളിച്ചടുക്കുമെന്നും വനിതാ മതില്‍ പൊളിഞ്ഞ് വീഴുമെന്നുമാണ് ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്.
വെള്ളാപ്പള്ളി നടേശനോട് നിലപാട് കടുപ്പിക്കണമെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പിടിമുറുക്കണമെന്ന നിലപാടും പാര്‍ട്ടിക്കകത്ത് ശക്തമാണ്.
ശബരിമല ദര്‍ശനത്തിന് യുവതികള്‍ പോകുന്ന കാര്യത്തില്‍ കേരളത്തിലെ 99 ശതമാനം സ്ത്രീകളും എതിരായതിനാല്‍ വന്‍മതില്‍ പൊളിക്കാന്‍ സ്ത്രീകള്‍ തന്നെ വരും ദിവസങ്ങളില്‍ രംഗത്തിറങ്ങുമെന്നാണ് ബി.ജെ.പി – ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
എന്‍.എസ്.എസ് അടക്കം സംഘപരിവാര്‍ സമരവുമായി സഹകരിക്കുന്നവരെ ഒപ്പം നിര്‍ത്തി വീടുകള്‍ കേന്ദ്രീകരിച്ച് വനിതാ മതിലിനു എതിരെ ക്യാംപയിന്‍ തുടങ്ങാനും കാവിപ്പട തീരുമാനിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും നേതാക്കള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്നവരല്ല ബഹു ഭൂരിപക്ഷം ഈഴവരെന്ന കാര്യം കണക്കുകള്‍ സഹിതം മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേശീയ നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. വെള്ളാപ്പള്ളി തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച കാര്യം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലാത്ത സാഹചര്യം കണക്കിലെടുത്ത് എന്‍.എസ്.എസ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍, കാരണം ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. എന്‍.എസ്.എസിനെ കൂടാതെ ക്ഷത്രിയ സഭയും യോഗക്ഷേമ സഭയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
റിപ്പോര്‍ട്ട്: എ.ടി അശ്വതി