തിരുവനന്തപുരം: മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനു മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന്റെ വീഴ്ച മൂലമാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പ്രസംഗം നടത്തിയ അന്നു തന്നെ വെള്ളാപ്പള്ളിക്കെതിരേ നടപടി എടുക്കേണ്ടതായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാല്‍, പ്രസംഗത്തിലെ വാക്കുകള്‍ മതത്തിന്റെ പേരില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ശത്രുതയോ പടര്‍ത്തുന്നതാണെന്നു പ്രഥമദൃഷ്ട്യാ കാണാനാവില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു. ”വിവിധ സമുദായങ്ങളോടു സര്‍ക്കാരിന്റെ വേറിട്ട നിലപാടിലുള്ള പ്രതിഷേധമാണു വാക്കുകളില്‍. ഏതെങ്കിലും മതത്തെ സംരക്ഷിക്കുന്നില്ലെന്നു പറയുമ്പോള്‍ തന്നെ, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ആനുകൂല്യം നല്‍കുന്നതില്‍ വിവേചനമുണ്ടെന്നാണു പറയുന്നത്.” കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
വെള്ളാപ്പള്ളി ഒളിവില്‍ പോകുമെന്നോ അന്വേഷണത്തില്‍ നിന്നു വഴുതി മാറുമെന്നോ പ്രോസിക്യൂഷനു പോലും ആശങ്കയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതി ജനുവരി 12നോ അതിനു മുന്‍പോ രാവിലെ 10നും 12നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം. തുടര്‍ന്നു മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യത്തില്‍ വിടണം. 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും നല്‍കണം. അന്വേഷണത്തിന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.