സർക്കാറിനെയും ഇടതുപക്ഷത്തേയും വെട്ടിലാക്കിയത് വെള്ളാപ്പള്ളിയുടെ വരവ്

vellappally pinarayi

നിതാ മതിലില്‍ സംസ്ഥാന സര്‍ക്കാറിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ ഉള്ളവരുടെ സാന്നിധ്യം.

എതിനു വേണ്ടിയാണ് വെള്ളാപ്പള്ളിയെ സംഘാടക സമിതി തലപ്പത്ത് കൊണ്ടു വന്നത് എന്ന ചോദ്യം ഇടതുപക്ഷ അണികളില്‍ പോലും ശക്തമായി കഴിഞ്ഞു.

ഇടതു വിരുദ്ധ നിലപാട് സ്വീകരിച്ച മറ്റു ചില ജാതി സംഘടനകളുടെ നേതാക്കളും വനിതാ മതില്‍ സംഘാടക സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതും പൊതു സമൂഹത്തില്‍ ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.

വനിതാ മതിലിന് രാഷ്ട്രീയമില്ലങ്കിലും അതിനെ രാഷ്ട്രിയമതിലായും വര്‍ഗ്ഗീയ മതിലായും പ്രതിപക്ഷം ചിത്രീകരിക്കുന്നതില്‍ ഇടതു അണികളും അസ്വസ്ഥരാണ്.

ജാതി സംഘടനകളെ ഒഴിവാക്കി ഇടതു- പുരോഗമന പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വനിതാ മതില്‍ പ്രഖ്യാപിക്കാമായിരുന്നു എന്നാണ് ഉയര്‍ന്നു വരുന്ന പൊതു അഭിപ്രായം.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്ളതുകൊണ്ടു മാത്രമാണ് എന്‍.എസ്.എസ് വനിതാ മതിലിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നവോത്ഥാനത്തിന്റെ പ്രചാരകരായി വെള്ളാപ്പള്ളി അടക്കമുള്ളവരെ ഉയര്‍ത്തിക്കാട്ടുന്നതിനാലാണ് പരസ്യമായി പ്രതികരിച്ചതെന്ന് എന്‍.എസ്.എസ് നേതൃത്വം തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ജാതിമേല്‍ക്കോയ്മക്കും അടിച്ചമര്‍ത്തലിനും എതിരെ പൊരുതി മുന്നേറിയ ഇടതുപക്ഷ – പുരോഗമന പ്രസ്ഥാനങ്ങള്‍ ജാതി സംഘടനകളെ വനിതാ മതിലിന്റെ തലപ്പത്ത് പ്രതിഷ്ടിച്ചതില്‍ വി.എസ് അച്ചുതാനന്ദനും കലിപ്പിലാണ്.

വി എസിന്റെ വാദം സംസ്ഥാന സര്‍ക്കാറും സി.പി.എം നേതൃത്വവും മുഖവിലക്കെടുക്കുന്നില്ലങ്കിലും ഈ നിലപാടും ഇടതു അണികളില്‍ വ്യാപകമായി ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ജാതി സംഘടനകളുടെ കാര്യത്തില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും വനിതാ മതില്‍ വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ തന്നെയാണ് സി.പി.എം അണികള്‍.

ആദ്യം വനിതാ മതില്‍ വിജയിപ്പിക്കുക പിന്നീട് പാര്‍ട്ടിക്കകത്ത് അഭിപ്രായം തുറന്നു പറയുക . . ഇതാണ് സി.പി.എം അണികളുടെ നിലപാട്. സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും ക്യാമ്പയിന്‍ നടക്കുന്നത്.

ഇതിനിടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വനിതാ മതില്‍ എന്ന് ചൂണ്ടിക്കാട്ടി മറു വിഭാഗം പ്രചരണം ശക്തമാക്കിയിട്ടുണ്ട്. വനിതാ മതില്‍ പരാജയപ്പെടുത്താന്‍ സകല തന്ത്രങ്ങളും പയറ്റി യു.ഡി.എഫ് സജീവമായി രംഗത്തുണ്ട്. അയ്യപ്പജ്യോതിക്കൊപ്പമാണെന്ന് എന്‍.എസ്.എസ് പ്രഖ്യാപിച്ചത് സംഘപരിവാര്‍ സംഘടനകളെയും അയ്യപ്പ സംഘടനകളെയും ആവേശത്തിലാക്കി കഴിഞ്ഞു.

പ്രമുഖ ക്രൈസ്തവ സംഘടനയായ കെസിബിസിയും വനിതാ മതിലിനെതിരെ പരസ്യമായി രംഗത്തു വന്നത് ഈ വിഭാഗത്തെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ച് നടത്തിയ പ്രസ്താവനയും വനിതാ മതിലിനെതിരെ വലിയ ആയുധമായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മഞ്ജുവിന്റെ നിലപാട് മാറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ സി.പി.എം അണികള്‍ ഇപ്പോള്‍ ഉയര്‍ത്തി വരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതാ മതിലും അയ്യപ്പജ്യോതിയും ഒരു രാഷ്ട്രീയ പോരാട്ടമായി തന്നെ സംസ്ഥാനത്ത് മാറി കഴിഞ്ഞു. ജനുവരി ഒന്നിന് വനിതാ മതില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും അത് കേരള രാഷ്ട്രീയത്തില്‍ ശക്തയായ പ്രതിഫലനമാണ് ഉണ്ടാക്കുക എന്നകാര്യവും ഉറപ്പാണ്.

Top