vellappally-vs achuthanandan-oommen chandy

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുകയാണെന്ന വിഎസ് അച്യുതാനന്ദന്റെ ആരോപണത്തില്‍ ഉറക്കം നഷ്ടപ്പെടുന്നത് എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ നടപടിയുണ്ടാവുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ച വിഎസിനെ മലമ്പുഴയില്‍ ‘തളക്കാനാണ്’ ഇപ്പോഴത്തെ അണിയറ നീക്കം.

എന്നാല്‍ ദിനംപ്രതി വര്‍ദ്ധിത വീര്യത്തോടെ കത്തിക്കയറുന്ന വിഎസിന് മുന്നില്‍ എതിരാളികളുടെ ചെറുത്ത് നില്‍പ്പ് ദുര്‍ബലമാകുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ വിഎസിന് ലഭിക്കുന്ന വന്‍ സ്വീകാര്യതയും വാര്‍ത്താ പ്രാധാന്യവും എതിരാളികളുടെ ഉറക്കം കെടുത്തിയിരിക്കുന്നു എന്നുതന്നെ പറയാം.

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കഴിഞ്ഞ രണ്ട് തവണ വിജിലന്‍സില്‍ സമയം നീട്ടി ചോദിച്ച സര്‍ക്കാര്‍ നടപടി വെള്ളാപ്പള്ളിയെ രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും പ്രത്യുപകാരമായി വോട്ട് കച്ചവടമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നുമാണ് വിഎസിന്റെ ആരോപണം.

പട്ടിണിപ്പാവങ്ങളായ ഈഴവ സഹോദരിമാരെ കബളിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ ‘രക്ഷപ്പെടുത്താന്‍’ ശ്രമിക്കുന്ന വിജിലന്‍സ് അധികൃതര്‍ക്കും വിഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ സീനിയോറിറ്റി മറികടന്ന് നിയമിച്ച വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ തെറിപ്പിക്കുമെന്ന നിലപാടിലാണ് വിഎസും സിപിഎം നേതൃത്വവും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും ഭരണമാറ്റമുണ്ടായാല്‍ സിപിഎം ശ്രമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

പൊലീസ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെയും വിവിധ ആരോപണങ്ങളില്‍പ്പെട്ട മറ്റ് മന്ത്രിമാര്‍ക്കെതിരെയും കടുത്ത നടപടിയും വിഎസ് ആവശ്യപ്പെടുന്നുണ്ട്.

ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ടു എന്ന വികാരമുള്ളതിനാല്‍ തിരിച്ച് ‘പണി’ കൊടുക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്ന നിലപാട് സിപിഎം നേതൃത്വത്തിനുമുണ്ട്.

പാര്‍ട്ടിയുടെ ഈ ഒറ്റക്കെട്ടായ നിലപാടാണ് വെള്ളാപ്പള്ളിയേയും യുഡിഎഫ്-ബിജെപി നേതാക്കളെയും ആശങ്കയിലാഴ്ത്തുന്നത്.

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്ത സിബിഐക്ക് അദ്ദേഹത്തെ അധികനാള്‍ തുറുങ്കിലടക്കാന്‍ കഴിയാത്ത ‘ക്ഷീണം’ തീര്‍ക്കാനാണ് ഷുക്കൂര്‍ വധക്കേസില്‍ ജാമ്യം റദ്ദാക്കിച്ച് അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.

ഇതിനുള്ള തിരിച്ചടി ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ധാരണ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനുമുണ്ട്.

ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ വോട്ടെടുപ്പ് ദിവസം വലിയ രഹസ്യധാരണക്ക് സാധ്യതയുണ്ടെന്ന അഭ്യുഹവും ശക്തമാണ്.

തുടക്കത്തിലേ കോ-ലീ-ബി സഖ്യം ആരോപിച്ച് ഇടതുമുന്നണി ആക്രമണ പ്രചരണ രീതി പിന്‍തുടരുന്നത് ഈ ‘അപകടം’ മുന്നില്‍ കണ്ടാണെന്നാണ് പറയപ്പെടുന്നത്.

Top