കൊച്ചി : മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കറാവാന്‍ ഉത്തമന്‍ കോടിയേരി ബാലകൃഷ്ണനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ന്യൂസ് മേക്കറില്‍ ഫൈനല്‍ റൗണ്ടിലെത്തിയതിനെ തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശനോട് ചോദ്യങ്ങള്‍ ചോദിച്ച് വി.ടി. ബല്‍റാം എം.എല്‍.എ, സി.പി.എം നേതാവ് ചന്ദ്രബാബു, രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍. പിയേഴ്‌സണ്‍, സാമൂഹിക പ്രവര്‍ത്തകയും അദ്ധ്യാപികയുമായ ശ്രീകല തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ചോദ്യോത്തര പരിപാടി കഴിഞ്ഞതിനുശേഷം അവസാനമായാണ് ന്യൂസ് മേക്കര്‍ പദവി ആര്‍ക്ക് ലഭിക്കണമെന്നാണ് താങ്കള്‍ക്ക് ആഗ്രഹമെന്ന് അവതാരകനായ പ്രമോദ് രാമന്‍ ചോദിച്ചത്. അപ്രതീക്ഷിതമായ ചോദ്യത്തിന് അപ്രതീക്ഷിതമായി തന്നെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ന്യൂസ് മേക്കര്‍ ഫൈനല്‍ ലിസ്റ്റിലുള്ള തന്നേയും, ഡിജിപി ജേക്കബ് തോമസിനേയും, നടന്‍ നിവിന്‍ പോളിയേയും താരതമ്യം ചെയ്യുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ ന്യൂസ് മേക്കറായി കാണാനാണ് തനിക്ക് ആഗ്രഹമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
കോടിയേരി മാന്യനാണ്, തന്റെ അടുത്ത സുഹൃത്തുമാണ്. നല്ല രൂപത്തില്‍ പെരുമാറാനും അറിയാം, അദ്ദേഹം പറഞ്ഞു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം, എസ്.എന്‍. സ്ഥാപനങ്ങളിലെ നിയമനങ്ങളിലെ കോഴ തുടങ്ങിയ കാര്യങ്ങളില്‍ വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ശക്തമായ പോരാട്ടം നടത്തുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിക്ക് ക്ലീന്‍ചിറ്റ് നല്‍കി വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.