vellappallys aim is religious separation; Historian KKN Kurup

കോഴിക്കോട്: ഹൈന്ദവ തീവ്രപരമായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പശ്ചാത്തലമൊരുക്കാനാണ് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ കെ എന്‍ കുറുപ്പ്.

ഹൈന്ദവ സമൂഹത്തെ മുഴുവന്‍ ഈ വര്‍ഗ്ഗീയതയുടെ മറവില്‍ തന്റെ പക്ഷത്തേക്ക് കൊണ്ട് വരാന്‍ വേണ്ടി ഹൈന്ദവ ആത്മീയ ആചാര്യന്മാരെയും സന്യാസിമാരെയും കൂട്ട് ചേര്‍ത്തുള്ള ‘പകിട’ കളിയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഉദ്ദേശ്യം ശരിയായി മനസിലാക്കത്തവരും ജാഥയില്‍ കൂടിയിട്ടുണ്ട്.

കേരളത്തിന്റെ വികസനവും സര്‍വ്വമത സാഹോദര്യ പാരമ്പര്യവും ഇല്ലാതാക്കാന്‍ മാത്രമേ ഇത് ഉപകരിക്കു.

ശ്രീനാരായണ ഗുരുവിനെ പോലെയുള്ളവര്‍ ജീവിച്ചിരുന്നുവെങ്കില്‍ ഈ സമത്വ യാത്രയ്‌ക്കെതിരെ തീര്‍ച്ചയായും പ്രതികരിക്കുമായിരുന്നു. ഗുരുവിന്റെ ജീവിതം തന്നെ അതിന് ഉദാഹരണമാണ്.

ഹൈന്ദവ വര്‍ഗ്ഗീയ ഫാസിസത്തിന്റെ ഭാഗമായി ഏത് ഹൈന്ദവ ദര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് പണ്ഡിതര്‍ക്ക് പോലും മനസിലാകുകയില്ല.

ഒരു ഭാഗത്ത് അദ്വൈത ശങ്കര ദര്‍ശനവും മറുഭാഗത്ത് മത്സ്യവും മദ്യവും ആരാധനയ്ക്ക് ഉപയോഗിക്കുന്ന മുത്തപ്പന്‍ ബഹുജന സംസ്‌കാരവും ഹൈന്ദവ മതത്തിന്റെ വിവിധ വശങ്ങളായിരിക്കെ വെള്ളാപ്പള്ളിയെ പോലുള്ളവരും സന്യാസിമാരും ഏത് വഴിക്കും പോവുമെന്നുള്ളത് വിരോധാഭാസമാണ്.

സവര്‍ണ്ണ ജാതീയതയെ ഉയര്‍ത്തി പിടിക്കാനുള്ള ഏത് പരിശ്രമവും മതന്യൂനപക്ഷങ്ങളുടെ സംസ്‌കാരത്തെയും ജീവിതത്തേയും ഹനിക്കുന്നതായിരിക്കും. അത്തരം ഹനനത്തില്‍ നിന്നാണ് ഫാസിസം വിജയം നേടുന്നത്. ചരിത്രം ഉദാഹരിക്കുന്നതും അത് തന്നെ, കെ കെ എന്‍ കുറുപ്പ് ചൂണ്ടിക്കാട്ടി

Top