കോഴിക്കോട്: മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിനെ കുറിച്ചുള്ള എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വര്‍ഗീയ ഭ്രാന്തന്മാരെ തോല്‍പ്പിക്കുന്നതാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
നൗഷാദിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി വര്‍ഗീയതയുടെ പ്രകടമായ രൂപമായി മാറിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ മോശമായ ഭാഷയില്‍ വര്‍ഗീയ വികാരം ഇളക്കി വിടുന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് വെള്ളാപ്പള്ളി ഉന്നയിക്കുന്നത്. നൗഷാദിനെ സഹായിച്ച സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം ഇതാണ് തെളിയിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഈ ജല്പനങ്ങള് കേരളത്തിലെ മതനിരപേക്ഷ സമൂഹവും ശ്രീനാരായണീയരും തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.
നൗഷാദ് മുസ്ലീമായതിനാലാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും നല്‍കിയതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.