വെള്ളിമാട്കുന്ന് സംഭവം ; ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ നടപടി

കോഴിക്കോട്‌:  വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ നടപടി. ഹോം സൂപ്രണ്ട് സൽമയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പ് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികൾ ചിൽഡ്രൻസ്ഹോമിൽ നിന്നും ചാടിപ്പോയത്. ഇവരിൽ നാലുപേരെ മലപ്പുറത്ത് നിന്നും രണ്ടുപേരെ ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.

അതേ സമയം ചാടിപ്പോയ പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയ യുവാവ് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെയും നടപടിയെടുത്തിരുന്നു. സ്‌റ്റേഷനിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട്‌
പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

രണ്ടു യുവാക്കളെയാണ് പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മൊഴിയിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥകൊണ്ടാണ് തങ്ങൾ പുറത്ത് പോയതെന്നും അവിടെ സുരക്ഷിതമല്ലെന്നും പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു.

ഇതിലെ ഒരു പെൺകുട്ടിയെ അമ്മക്കൊപ്പം വിട്ടിരുന്നു. ബാക്കി കുട്ടികളെ വീട്ടുകാർക്കൊപ്പം അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്.

Top