കോഴിക്കോട്: വെളളിമാട്കുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പൊലീസ്, ബാലക്ഷേമ സമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ബാലികാ മന്ദിരത്തില്‍ വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സുരക്ഷാ വീഴ്ചസംഭവിച്ചെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ, സിസിടിവി ക്യാമറകളോ സ്ഥാപനത്തില്ലെന്നും സമിതി കണ്ടെത്തി. ഇന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും
നേരത്തെ സംഭവത്തില്‍ അന്വേഷണം നടത്തിയ വനിത ശിശുവികസന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് ഇരുവരേയും സ്ഥലംമാറ്റിയിരുന്നു
ജനുവരി 26നാണ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികള്‍ ഒളിച്ചു കടന്നത്. കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ മൊഴിനല്‍കിയിരുന്നു. മാത്രവുമല്ല ഒരു സുരക്ഷയുമില്ലാതെയാണ് ഹോമിന്റെ പ്രവര്‍ത്തനമെന്നും വ്യക്തമായിരുന്നു.