കാരക്കസ്: വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു മാസത്തേക്കുനീട്ടിവച്ചു. ഏപ്രില്‍ 22 നു നടക്കേണ്ട തെരഞ്ഞെടുപ്പ് മെയ് മാസം 20 ന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കൗണ്‍സില്‍ മേധാവി ടിബിസേ ലുസേന അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഡിഡന്റ് നിക്കോളസ് മഡുറോ പ്രതിപക്ഷത്തെ ഏതാനും പാര്‍ട്ടികളുമായി കരാറില്‍ എത്തിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് മാറ്റിയതായി അറിയിപ്പുണ്ടായത്.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷകനെ അയക്കാന്‍ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസിനെ ക്ഷണിക്കുന്നതായും ടിബിസേ ലുസേന പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരിക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ പ്രസിഡന്റ് വിലക്കിയിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. തെരഞ്ഞെടുപ്പ് നീട്ടിവച്ചതില്‍ സര്‍ക്കാരിനു പങ്കുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.