Venezuela extends use of 100 bolivar bill until Jan. 2

കാരക്കാസ്: വെനസ്വേലയില്‍ നോട്ട് അസാധുവാക്കല്‍ നടപടി താല്‍കാലികമായി മരവിപ്പിച്ചു. വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയ പശ്ചാത്തലത്തിലാണ് ഈ നടപടി. പിന്‍വലിച്ച 100 ബൊളിവര്‍ ബില്‍ നോട്ടുകള്‍ ജനവരി രണ്ടുവരെ ഉപയോഗിക്കാം.

അസാധു നോട്ടുകള്‍ക്ക് പകരം 500 ബൊളിവര്‍ നോട്ടുകള്‍ യഥാസമയം എത്തിക്കാന്‍ കഴിയാഞ്ഞതിന് പിന്നില്‍ അന്താരാഷ്ട്ര അട്ടിമറി നടന്നുവെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് നിക്കൊളാസ് മഡുറോ ആരോപിച്ചു.

പഴയ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും നടന്നത്. ആയിരക്കണക്കിന് കടകള്‍ നോട്ട് അസാധുവാക്കല്‍മൂലം അടയ്‌ക്കേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ക്രെഡിറ്റ് കാര്‍ഡുകളെയും, ബാങ്കിലൂടെയുള്ള പണം കൈമാറ്റത്തെയും മാത്രം ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവന്നു. ഭക്ഷണം വാങ്ങാന്‍പോലും കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയതോടെയാണ് നടപടി താത്കാലികമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ 32 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചു. അസാധുവാക്കിയ 100 ബൊളിവര്‍ ബില്ലുകള്‍ വീശിയാണ് ജനം തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

കള്ളക്കടത്ത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു വെനസ്വേലയിലെ നോട്ട് അസാധുവാക്കല്‍. വിദേശത്തേക്ക് കറന്‍സി കടത്തുന്ന സംഘങ്ങളെ അടിച്ചമര്‍ത്താന്‍ നടപടി ഉപകാരപ്പെടുമെന്ന് ഭരണകൂടം അവകാശപ്പെട്ടിരുന്നു.

രാജ്യത്തെ കറന്‍സിയുടെ പകുതിയോളം അസാധുവാക്കപ്പെട്ട 100 ബൊളിവര്‍ നോട്ടുകള്‍ ആയിരുന്നുവെന്നാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. അസാധുവാക്കല്‍ നടപടി കാര്യമായ ഗുണം ചെയ്യില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

Top