ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന ഇടത്പക്ഷത്തിന് സോഷ്യലിസ്റ്റ് രാഷ്ട്രമായ വെനസ്വേലെയിലെ സംഭവവികാസങ്ങള്‍ തിരിച്ചടിയായി.
മോദിയുടെ നേതൃത്വത്തില്‍ കള്ളപ്പണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ 500,1000 കറന്‍സികള്‍ അസാധുവാക്കിയതെങ്കില്‍ ഇതിന് സമാനമായ രൂപത്തില്‍ കള്ളക്കടത്തുകാരെയും കള്ളപ്പണക്കാരെയും ലക്ഷ്യമിട്ടാണ് വെനസ്വേലയും വിപ്ലവമാറ്റത്തിന് ഒരുങ്ങിയത്.
എന്നാല്‍ സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ നെഞ്ചിലേറ്റുന്ന ജനത തന്നെ ഇതിനെതിരെ തെരുവിലറങ്ങിയതോടെ പിന്‍വലിച്ച 100 ബൊളീവര്‍ ബില്‍ നോട്ടുകള്‍ ജനുവരി രണ്ട് വരെ ഉപയോഗിക്കാമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് പ്രസിഡന്റ് നിക്കൊളാസ് മഡൂറോ.
അസാധു നോട്ടുകള്‍ക്ക് പകരം 500 ബൊളിവര്‍ നോട്ടുകള്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതിന് പിന്നില്‍ അന്താരാഷ്ട്ര അട്ടിമറി നടന്നെന്ന് രാഷ്ട്രത്തോട് പറയേണ്ട ഗതികേടുമുണ്ടായി സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ പ്രസിഡന്റിന്.
പഴയ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയിരുന്നത്.
ആയിരക്കണക്കിന് കടകള്‍ പൂട്ടപ്പെട്ടു. ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ ജനങ്ങള്‍ തെരുവിലിറങ്ങി കടകള്‍ തകര്‍ത്ത് കൊള്ളയടിക്കുന്ന സാഹചര്യം വരെയുണ്ടായി.
വിദേശത്തേക്ക് കറന്‍സി കടത്തുന്ന സംഘങ്ങളെ അടിച്ചമര്‍ത്താന്‍ നടപടി ഉപകാരപ്പെടുമെന്ന പ്രതീക്ഷ പുതിയ ബൊളീവര്‍ നോട്ടുകള്‍ എത്തിക്കാന്‍ കഴിയാതിരുന്നതോടെയാണ് പൊളിഞ്ഞത്.
ഇപ്പോള്‍ ഉയര്‍ന്ന വന്‍ പ്രതിഷേധം വെനസ്വേലയിലെ സോഷ്യലിസ്റ്റ് ചേരിക്ക് തന്നെ ഭാവിയില്‍ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇന്ത്യയിലാവട്ടെ പ്രതിഷേധം കണക്കിലെടുത്ത് നോട്ട് അസാധുവാക്കലിന് മുന്‍പ് മൂന്ന് സേനാവിഭാഗങ്ങളുടെയും യോഗം വിളിച്ച് ചോര്‍ത്ത് എല്ലാ മുന്‍കരുതലുകളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെങ്കിലും സൈന്യത്തെയോ എന്തിനേറെ കേന്ദ്ര പൊലീസ് സേനയേയോ ഇറക്കേണ്ട ഒരു അസാധാരണ സാഹചര്യവും ഇവിടെയുണ്ടായില്ല.
മുന്‍കരുതലിന്റെ കാര്യത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായെങ്കിലും 2000ത്തിന്റെ നോട്ടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതും ജനങ്ങളില്‍ പ്രബലവിഭാഗത്തിനിടയില്‍ കള്ളപ്പണക്കാര്‍ക്കെതിരെ വികാരമുയര്‍ന്നതും മോദി സര്‍ക്കാരിന് തുണയായി മാറുകയായിരുന്നു.
വെനസ്വേലയിലെ ജനങ്ങളെ പോലെ പട്ടിണി കിടക്കേണ്ട സാഹചര്യം എന്ത് പോരായ്മകളുണ്ടായാലും ഇന്ത്യയിലെ ജനങ്ങള്‍ക്ക് നോട്ട് അസാധുവാക്കലിന്റെ ഭാഗമായി ഉണ്ടായിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.
31 ദശലക്ഷം ജനസംഖ്യ മാത്രമുള്ള വെനസ്വേലയെ പോലെയുള്ള ഒരു കൊച്ചുരാജ്യത്ത് ഇത്രയും വലിയ കലാപം നോട്ട് അസാധുവാക്കലില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 128 കോടിക്ക് മുകളില്‍ ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യയില്‍ എത്തരത്തിലുള്ള കലാപമാണ് നടപ്പാക്കിയത് തെറ്റാണെങ്കില്‍ ഉണ്ടാവേണ്ടിയിരുന്നത് എന്നതും പ്രസക്തമായ ചോദ്യമാണ്.
കമ്മ്യൂണിസ്റ്റ്കാര്‍ നയിക്കുന്ന രാഷ്ട്രത്തിന് കഴിയാതിരുന്നത് മോദി ഭരണകൂടത്തിന് കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് പഠിക്കാന്‍ ഇടത് നേതാക്കളും വിമര്‍ശകരും തയ്യാറാവണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്നവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
നോട്ട് അസാധുവാക്കലിനെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചിരുന്ന കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പലവട്ടം നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞതും വിയറ്റ്‌നാം കോളനി എന്ന മോഹന്‍ലാല്‍ സിനിമയില്‍ നടന്‍ ശങ്കരാടി കാണിച്ചത് പോലെ ‘ആ രേഖ കൈയ്യിലുണ്ട് ‘ എന്ന തരത്തില്‍ മോദിക്കെതിരെ ‘രേഖ’ ഉണ്ടെന്ന് പറഞ്ഞതും ഇപ്പോള്‍ കോണ്‍ഗ്രസ്സിനെയും
പരിഹാസ്യമാക്കിയിരിക്കുകയാണ്.