അമേരിക്കയെ പ്രതിരോധിക്കാന്‍ ശക്തമായ ആയുധ പരിശീലനം നടത്തി വെനിസ്വേല

വെനിസ്വേല: അമേരിക്കയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് രാജ്യവ്യാപകമായി ആയുധ പരിശീലനം നടത്തി വെനിസ്വേല.

സൈനിക ഇടപെടല്‍ നടത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് വെനിസ്വേല രാജ്യത്തെ പൗരന്മാരോട് സൈന്യത്തിന്റെ ഭാഗമാകാന്‍ ആഹ്വാനം ചെയ്ത് പരിശീലനം നടത്തിയത്.

ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന വെനിസ്വേലയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പാണ് രാജ്യത്തെ പ്രകോപിപ്പിച്ചത്.

ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുന്നതിന് മുഴുവന്‍ ജനങ്ങളെയും സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി പരിശീലനം നല്‍കിയത്.

രണ്ട് ലക്ഷം സൈനികരുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് ലക്ഷം പൗരന്മാരാണ് പരിശീലനം നേടിയത്.

മാധ്യമങ്ങള്‍ വഴി പരിശീലനത്തിന്റെ തത്സമയ ദൃശ്യങ്ങളും വെനിസ്വേല പുറത്തുവിട്ടു.

അമേരിക്ക അവസാനമായി ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധമുള്‍പ്പെടെ പ്രസിഡന്റ് നിക്കോളസ് മദുരോയുടെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള നടപടിയാണ് സൈനിക ഇടപെടൽ എന്ന് ട്രംപ് വിശദീകരിച്ചു.

എന്നാല്‍ വെനിസ്വേലയുടെ എണ്ണ സമ്പത്ത് കവരാനുള്ള കള്ളതന്ത്രമാണ് അമേരിക്ക പ്രയോഗിക്കുന്നതെന്നും എന്ത് വിലകൊടുത്തും ജനങ്ങളും സര്‍ക്കാറും അതിനെ പ്രതിരോധിക്കുമെന്നും നിക്കോളസ് മദുരോ പ്രതികരിച്ചു.

Top