കറാക്കസ്: വെനിസ്വേലയില്‍ രണ്ടു മാസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് നിക്കോളസ് മദൂറോക്കെതിരെ വന്‍ പ്രതിഷേധം. തലസ്ഥാനമായ കാറക്കസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
മദൂറോ സര്‍ക്കാറിനുള്ള വിശ്വാസം നഷ്ടമായെന്നും പ്രസിഡന്റ് പദവിയൊഴിഞ്ഞ് ഹിതപരിശോധനക്ക് തയാറാകണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ 70 ശതമാനം പൗരന്മാരും മദൂറോക്ക് എതിരാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.
അതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മദൂറോ വ്യക്തമാക്കി. പൂട്ടിയ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിനെ പുറത്താക്കിയതിന് ശേഷം യു.എസ് ലക്ഷ്യമിടുന്നത് തന്റെ കസേരയാണെന്ന് മദൂറോ ആരോപിച്ചു.
വിദേശ ശക്തികളുടെ ഇടപെടല്‍ തടയാനായി സജ്ജമായിരിക്കാന്‍ മദൂറോ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയും പ്രതിപക്ഷവും ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് മദൂറോയുടെ വാദം.
ഭരണ അട്ടിമറി ഭയന്ന് വെള്ളിയാഴ്ചയാണ് മദൂറോ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.