വെനസ്വേലന്‍ സുപ്രീം കോടതി ബോംബിട്ട് തകര്‍ക്കാന്‍ ശ്രമമുണ്ടായെന്ന് പ്രസിഡന്റ്

കരാക്കസ്: വെനസ്വേലന്‍ സുപ്രീം കോടതി ബോംബിട്ട് തകര്‍ക്കാര്‍ ശ്രമമുണ്ടായെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ.

ഒരു സൈനിക ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും പോലീസ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത ശേഷമാണ് ഇയാള്‍ ആക്രമണത്തിന് മുതിര്‍ന്നതെന്നും മഡുറോ വ്യക്തമാക്കി.

നഗരത്തിലൂടെ ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് മുതിര്‍ന്നയാളെ ഉടന്‍ തന്നെ പിടികൂടുമെന്നും ഹെലികോപ്റ്റര്‍ വീണ്ടെടുക്കുമെന്നും മഡുറോ പറഞ്ഞു.

വെനസ്വേലയില്‍ രണ്ടു മാസത്തിലേറെയായി മഡുറോ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന വന്‍ റാലികളടക്കമമുള്ള പ്രതിഷേധങ്ങളാണ് ദിവസവും ഇവിടെ നടക്കുന്നത്. ഇതുവരെ, പ്രതിഷേധ പരിപാടികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70കടന്നെന്നാണ് വിവരം.

നേരത്തെ, പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത 2000ലേറെപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ 700 ലേറെ പേര്‍ ഇപ്പോഴും ജയിലില്‍ത്തന്നെയാണ്. നിലവില്‍ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.

Top