വേങ്ങര: വേങ്ങരയിലെ വോട്ടര്‍മാര്‍ ബുധനാഴ്ച പോളിങ് ബൂത്തിലെത്തും.
പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി പോയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരു മാസം നീണ്ട പ്രചാരണത്തില്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയവും പാര്‍ട്ടികളുടെയും ഭരണത്തിന്റെയും നേട്ട കോട്ടങ്ങളും സജീവ ചര്‍ച്ചയായി.
എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെല്ലാം വോട്ടര്‍മാരെ കാണാനെത്തിയിരുന്നു. ലീഗ് കോട്ടയില്‍ ഏതെങ്കിലും രീതിയില്‍ വിള്ളല്‍ വീണിട്ടുണ്ടോ എന്നും നാളത്തെ വിധിയെഴുത്തില്‍ അറിയാം.
പിണറായി വിജയന്‍, വി.എസ്. അച്യുതാന്ദന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ഇത് നേട്ടമായി എന്നാണ് ഇടതുസ്ഥാനാര്‍ഥി പി.പി. ബഷീര്‍ വിശ്വസിക്കുന്നത്. മണ്ഡലം പിടിച്ചടക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇടതു പ്രചാരണങ്ങളിലൊന്നും വേങ്ങരയിലെ വോട്ടര്‍മാര്‍ വീഴില്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ ഇത്തവണയും ജയിക്കുമെന്നും ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
മണ്ഡലത്തില്‍ ജനവിധി തേടുന്ന ബി.ജെ.പിയുടെ ജനചന്ദ്രന്‍ മാസ്റ്ററും എസ്.ഡി.പി.ഐയുടെ അഡ്വ. കെ.സി. നസീറും തങ്ങളുടെ വോട്ട് വര്‍ധിപ്പിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ്. ലീഗിന്റെ തൊഴിലാളി സംഘടന സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) മുന്‍ ജില്ല പ്രസിഡന്റ് അഡ്വ. ഹംസയും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയും പി.ഡി.പിയും ഇത്തവണ അങ്കത്തിനില്ല.
1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 87,750 പുരുഷന്മാര്‍, 82,259 സ്ത്രീകള്‍. 148 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്നതിന്റെ രേഖ വോട്ടര്‍മാര്‍ക്ക് നേരിട്ട് കാണാം. വോട്ട് ചെയ്തുകഴിഞ്ഞ ഉടനെ ഏതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു, ചിഹ്‌നം, ക്രമനമ്പര്‍ എന്നിവ സ്‌ക്രീനില്‍ പ്രത്യക്ഷമാവും. ഏഴ് സെക്കന്റ് ഇത് കാണാം. ഇതിന് പുറമെ എല്ലാ ബൂത്തുകളിലും വീല്‍ ചെയറുകളും റാമ്പുകളുമുണ്ടാകും. 178 പ്രവാസി വോട്ടര്‍മാരുണ്ട്. 15ന് ഫലം പ്രഖ്യാപിക്കും.
വേങ്ങര മണ്ഡലം രൂപവത്കരിച്ച ശേഷം 2011-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.പി. ഇസ്മായിലിനെ 38237 വോട്ടിന് പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
2016-ല്‍ കുഞ്ഞാലിക്കുട്ടി തന്നെ വീണ്ടും ജനവിധി തേടി. ഭൂരിപക്ഷം 38,057. എതിര്‍ സ്ഥാനാര്‍ഥിയായ പി.പി. ബഷീറിന് ആകെ കിട്ടിയത് 34124 വോട്ടുകള്‍. ഇടതു സ്ഥാനാര്‍ഥിക്ക് കിട്ടിയ മൊത്തം വോട്ടിനേക്കാള്‍ കൂടുതലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.
2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനു 42631 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ നല്‍കിയത്. 2017 ഏപ്രിലില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍ 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. മണ്ഡലത്തില്‍പെട്ട വേങ്ങര ബ്ലോക്ക് പഞ്ചായത്തും കണ്ണമംഗലം, വേങ്ങര, ഊരകം, എ.ആര്‍. നഗര്‍ പഞ്ചായത്തുകളും ലീഗ് ഭരിക്കുന്നു. പറപ്പൂര്‍ പഞ്ചായത്തില്‍ മാത്രമാണ് ലീഗ് പ്രതിപക്ഷത്ത്.