വേങ്ങര ഉപതെരഞ്ഞെടുപ്പ്: ജനവിധി ഇന്നറിയാം; മുള്‍മുനയില്‍ മുന്നണികള്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.

രാവിലെ എട്ടിന് തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

രാവിലെ പതിനൊന്നോടെ ഫലം അറിയാം. trend.kerala.gvo.in-ല്‍ വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം അറിയാം.

പോസ്റ്റല്‍ ബാലറ്റാണ് ആദ്യം എണ്ണുക. ഒരു പോസ്റ്റല്‍ ബാലറ്റേയുള്ളൂ. സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 25 പേര്‍ക്കാണ് അര്‍ഹതയുണ്ടായിരുന്നത്. ആറ് ബാലറ്റുകള്‍ വിലാസത്തിലുള്ളയാളെ കണ്ടെത്താനാകാതെ തിരിച്ചുവന്നു. 19 എണ്ണം ഇനിയും തിരിച്ചെത്താനുണ്ട്. ഇവ ഇന്ന് രാവിലെ എട്ടിനുമുമ്ബ് ലഭിച്ചാല്‍ സാധുവാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പതിനാല് ടേബിളുകളാണ് വോട്ടെണ്ണലിന് സജീകരിക്കുകയെന്ന് വരണാധികാരി സജീവ് ദാമോദര്‍ അറിയിച്ചു. ഒരു ടേബിളില്‍ 12 ബൂത്തുകളിലെ വോട്ട് എണ്ണും. 12 റൗണ്ട് വോട്ടെണ്ണല്‍ ഉണ്ടാകും. ഒരു ടേബിളില്‍ കൗണ്ടിങ് അസിസ്റ്റന്റ്, കൗണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ജീവനക്കാരുണ്ടാകും. പുറമേ ആറ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും ഉണ്ടാകും.

വോട്ടെണ്ണലിനോട് അനുബന്ധിച്ച് വേങ്ങര മണ്ഡലത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അറുന്നൂറോളം പൊലീസുകാര്‍, എംഎസ്പി, കെഎപി രണ്ട്, കെഎപി നാല്, ആംഡ് റിസര്‍വ് എന്നിവയിലെ 400 പേര്‍, പുറമേ സിആര്‍പിഎഫിന്റെ 100 പേരും സുരക്ഷയ്ക്കുണ്ടാകുമെന്ന് ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു.

1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 148 ബൂത്തിലായി 56,580 പുരുഷന്മാരും 66,030 സ്ത്രീകളും ഉള്‍പ്പെടെ 1,22,610 പേര്‍ വോട്ടുചെയ്തു. ഇടതുമുന്നണിയുടെ അഡ്വ പിപി ബഷീറും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം. ബിജെപിയുടെ ജനചന്ദ്രന്‍ മാസ്റ്ററും മല്‍സരരംഗത്തുണ്ട്.

ഇത്തവണ രേഖപ്പെടുത്തിയ റെക്കോഡ് പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Top