വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. മുരുക്കുംപുഴ വിജയകുമാറിനെയാണ് നിയമിച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കും.

ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം പറയുന്നു. പ്രതികളായ ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സജീബ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ പ്രധാന പ്രതികളാണ്.

തിരുവോണത്തലേന്നായിരുന്നു ബൈക്കിലെത്തിയ സംഘം ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ.സുരേഷാണ് കുറ്റപത്രം നല്‍കിയത്. കൊലപാതക കേസിലെ കുറ്റപത്രമാണ് നല്‍കിയത്. ഗൂഡാലോചന കേസ് അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Top