തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി പൊലീസ്. പുലര്‍ച്ചെയാണ് മുഖ്യപ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമായിരുന്നു പുലര്‍ച്ചെ തെളിവെടുപ്പ് നടത്തിയത്.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതികളെ തേമ്പാമൂട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയൊരുക്കിയാണ് തെളിവെടുപ്പ് നടന്നത്. അജിത്, ഷജിത്, അന്‍സര്‍ എന്നിവരെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്.
വെള്ളിയാഴ്ചയാണ് പ്രതികളുടെ തെളിവെടുപ്പ് വച്ചിരുന്നത്. എന്നാല്‍, കൊലപാതകം നടന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാല്‍ തെളിവെടുപ്പ് മാറ്റിവെച്ചു. കൊലനടന്ന തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങള്‍ കൊണ്ടു വന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.