ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ഭാഷയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് ഹിന്ദിയെന്നും ഇംഗ്ലീഷ് ഭാഷയെന്ന രോഗത്തില്‍ നിന്നും നാമോരോരുത്തരും സ്വയം മോചിതരാകണമെന്നും അദ്ദേഹം പറഞ്ഞു. 1949 സെപ്തംബര്‍ 14 ന് ഇന്ത്യയുടെ ഭരണഘടനാ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു. അത് പൂര്‍ണമാക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് പരിശോധിക്കണമെന്നും ഭാഷയും വികാരങ്ങളും ഒരേ പാതയിലാണ് സഞ്ചരിക്കുക എന്നും മാതൃഭാഷയിലാണ് വികാരങ്ങള്‍ ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ കഴിയുക എന്നും
അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര പോരാളികളുടെ പ്രധാന ഭാഷ ഹിന്ദി തന്നെയായിരുന്നു. രാജ്യത്ത് ഭൂരിഭാഗം ജനങ്ങള്‍ക്കും ഹിന്ദി അറിയാമായിരുന്നു. രാജ്യത്ത് ഐക്യത്തിന്റെ പ്രതീകമായിരുന്നു ഹിന്ദി. മറ്റ് ഭാഷകളില്‍ നിന്ന് ഹിന്ദിയെ ഇന്നും സ്വീകരിക്കപ്പെടുന്നതിന്‌ കാരണവും ഇത് തന്നെയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top