ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ചൊവ്വാഴ്ച കറുത്തവസ്ത്രം ധരിച്ച് സഭയിലെത്തിയ വലിയൊരു വിഭാഗം പ്രതിപക്ഷാംഗങ്ങള്‍ പെഗാസസ് വിഷയത്തില്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചപ്പോള്‍ രാജ്യസഭ ചൊവ്വാഴ്ച ആറ് തവണ നിര്‍ത്തിവെച്ചിരുന്നു.
സെക്രട്ടറി ജനറലിന്റെ മേശമേല്‍ കയറി അംഗങ്ങള്‍ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ അംഗങ്ങള്‍ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു.
പാര്‍ലമെന്റെന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഈ ഓഗസ്റ്റ് സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താന്‍ പാടുപെട്ടതിനാല്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും വെങ്കയ്യനായിഡു അവകാശപ്പെട്ടു.
ഒരു ക്ഷേത്രം പോലെ പവിത്രമാണ് പാര്‍ലമെന്റ്. ഈ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ചില എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങള്‍ പൂര്‍ണ്ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് കൂട്ടായ് ചിന്തിക്കണം. പരിഹാര നടപടികളുണ്ടാകണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.