1971 ല്‍ സംഭവിച്ചത് ഓര്‍മ്മവേണം ; പാക്കിസ്ഥാന് താക്കീതുമായി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: 1971 ലെ യുദ്ധത്തില്‍ സംഭവിച്ചത് പാക്കിസ്ഥാന് ഓര്‍മ്മ വേണമെന്ന താക്കീതുമായി എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു.

ഡല്‍ഹിയില്‍ കാര്‍ഗില്‍ പരാക്രം പരേഡില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അസ്വസ്ഥരായ നമ്മുടെ അയല്‍ക്കാര്‍ മറ്റു രാജ്യത്തുള്ളവരേയും അസ്വസ്ഥരാക്കുകയാണ്‌. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങളുടെ ഐക്യം കണ്ടുപഠിക്കേണ്ടതാണ്‌. മനുഷ്യകുലത്തിന്റെ ശത്രുവാണ് ഭീകരവാദം. അതിന് പ്രത്യേകിച്ച് മതമില്ല. എന്നാല്‍, ഭീകരവാദത്തെ മതവുമായി ഇടകലര്‍ത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു. 1971 ലെ യുദ്ധത്തില്‍ സംഭവിച്ചത് പാക്കിസ്ഥാന്‍ ഓര്‍ത്തുവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയല്‍രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഇന്ത്യ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. ഒരു രാജ്യത്തിന് നേരെയും അക്രമം നടത്താതാണ് ഇന്ത്യയുടെ പ്രത്യേകത. ഒരു ഏറ്റുമുട്ടലും ആക്രമണവും രാജ്യം ആഗ്രഹിക്കുന്നില്ല. സമാധാനം മാത്രമാണ് ലക്ഷ്യമെന്നും നായിഡു വ്യക്തമാക്കി.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വസ്തുത ഓര്‍ക്കണമെന്നും അതില്‍ നിന്ന് ഒരിഞ്ച് ആര്‍ക്കും വിട്ടു നല്‍കില്ലെന്നും അദ്ദേഹം പാക്കിസ്ഥാനെ ഓര്‍മിപ്പിച്ചു.

Top