നിര്‍ബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാന്‍ താത്പര്യമില്ലെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ആലങ്കാരിക സ്ഥാനങ്ങളെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ആരു നിര്‍ബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെങ്കിലും നിര്‍ബന്ധിച്ചെങ്കില്‍ തന്നെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ ഒരിക്കലും മത്സരിക്കാന്‍ പോകുന്നില്ല. ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് എന്റെ സന്തോഷം. അവരില്‍ ഒരാളായി അവരെ സേവിക്കുക. ആലങ്കാരിക സ്ഥാനങ്ങള്‍ സ്വീകരിച്ച് ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല- നായിഡു പറഞ്ഞു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കു മത്സരിക്കാനും ഉഷ(ഭാര്യ)യുടെ പതിയാകാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം നേരത്തെ തമാശരൂപേണ പറഞ്ഞിരുന്നു.

ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അന്‍സാരിയുടെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. രാം നാഥ് കോവിന്ദിനെയാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ജെഡിയു കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കോവിന്ദിന്റെ വിജയം ഏറെക്കുറെ ഉറപ്പായി.

Top