ന്യൂഡല്‍ഹി: നിര്‍ഭാഗ്യകരമായ പ്രസ്താവനയില്‍ വെങ്കയ്യ നായിഡു കര്‍ഷകരോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്.
വായ്പ എഴുതിത്തള്ളല്‍ ഫാഷനായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. എന്നാല്‍ വായ്പയുടെ ഭാരം താങ്ങാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ എന്താണ് ഫാഷനെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ചോദിച്ചു.
വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയി. മധ്യപ്രദേശില്‍ ദാരുണമായി കൊല്ലപ്പെടുന്ന കര്‍ഷകരെ കുറിച്ചാണ് കേന്ദ്രമന്ത്രി പറയുന്നത്. എന്താണ് അതില്‍ ഫാഷനായിട്ടുള്ളത്. വായ്പ എഴുതിത്തള്ളുന്നത് കര്‍ഷകരെ ബാങ്കുകളുടെ വലയില്‍ നിന്ന് രക്ഷിക്കാനാണ്. നായിഡു കര്‍ഷകരോട് മാപ്പു പറയണമെന്ന് ടോം വടക്കന്‍ വ്യക്തമാക്കി.
എന്നാല്‍ കര്‍ഷക പ്രശ്‌നത്തില്‍ ദീര്‍ഘകാലത്തേക്കുള്ള പരിഹാരമാണ് വേണ്ടത്. താത്കാലിക പരിഹാരങ്ങളാണ് ഇപ്പോള്‍ ഉള്ളത്. താത്കാലിക പരിഹാരം കാണുന്നത് ഒരു ഫാഷനായിരിക്കുകയാണെന്നാണ് താന്‍ പറഞ്ഞത്. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.