താലൂക്ക് ആശുപത്രി വാര്‍ഡില്‍ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് കടിയേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാര്‍ഡില്‍ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിഗമനം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Top