കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും

KEVINS-DEATH

കോട്ടയം: കെവിന്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. രാവിലെ പതിനൊന്ന് മണിക്കാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുക. കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം.

ആഗസ്റ്റ് 14ന് കെവിന്‍ വധക്കേസില്‍ വിധി പറയാനിരുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടിരുന്നു.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തില്ല.

Top