തങ്ങളുടെ മുന്‍ സൈനിക മേധാവി ഒരിക്കലും വഞ്ചകനാകില്ലെന്ന് റിട്ടയേര്‍ഡ് ജനറല്‍ പര്‍വേസ് മുഷാറഫിന് വധശിക്ഷ വിധിച്ചതിനെതിരെ പാകിസ്ഥാന്റെ ശക്തമായ സൈന്യത്തിന്റെ പ്രതികരണം. മുഷാറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ നടപടിയെ പാക് സായുധ സേനകള്‍ ഏറെ വേദനയോടെയാണ് സ്വീകരിക്കുന്നതെന്ന് സൈന്യം ഔദ്യോഗികമായി പ്രതികരിച്ചു.
പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേത്ത് നയിച്ച മൂന്നംഗ പ്രത്യേക കോടതിയാണ് 76കാരനായ മുന്‍ സൈനിക മേധാവിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. ദുബായില്‍ ഒളിവില്‍ താമസിച്ച് വരികയാണ് മുഷാറഫ്. ഇതിനിടെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ പ്രഖ്യാപിച്ചത്.
‘ഒരു മുന്‍ സേനാ മേധാവി, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍, പാകിസ്ഥാന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ 40 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച, രാജ്യത്തെ സംരക്ഷിക്കാന്‍ യുദ്ധങ്ങള്‍ ചെയ്ത ഒരാള്‍ക്ക് ഒരിക്കലും വഞ്ചകനാകാന്‍ കഴിയില്ല’, സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. സ്വയം പ്രതിരോധിക്കാനും വിവരങ്ങള്‍ നല്‍കാനുമുള്ള പ്രതിഭാഗത്തിന്റെ അവകാശങ്ങള്‍ കോടതി നിഷേധിച്ചെന്നും ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ഇസ്ലാമിക് റിപബ്ലികിന്റെ ഭരണഘടനയുമായി ചേര്‍ന്ന നീതി ലഭിക്കുമെന്നാണ് പാക് സായുധ സേനകളുടെ പ്രതീക്ഷ, ഗഫൂര്‍ വ്യക്തമാക്കി. 1999ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫിനെ അട്ടിമറിച്ചാണ് അന്നത്തെ സൈനിക മേധാവിയായിരുന്ന മുഷാറഫ് അധികാരം പിടിച്ചത്. 2001 മുതല്‍ 2008 വരെ പ്രസിഡന്റായിരുന്ന മുഷാറഫ് 2007ല്‍ ഭരണഘടന സസ്‌പെന്‍ഡ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് വധശിക്ഷ.