ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ ഇന്ന് വിധി

കൊച്ചി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പുറപ്പെടുവിക്കുക. വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്‌പെന്‍ഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചത്.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. പ്രതികളുടെ അപ്പീലിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വധശ്രമം തന്നെയാണ് നടന്നതെന്നും സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം റദ്ദാക്കിയിരുന്നു. ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും.

Top