ഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി യുജിസി. വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ യു.ജി.സി.ക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് യു.ജി.സി. സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് യു.ജി.സി. നേരത്തേ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനം കേരള ഹൈക്കോടതി ശരിവെച്ചത്. ഇതോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്ന നിയമോപദേശമാണ് യു.ജി.സി.ക്ക് ലഭിച്ചിരിക്കുന്നത്.
2018-ലെ റെഗുലേഷനില്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലാത്ത ചില ഉദ്യോഗാര്‍ഥികളും കേരള ഹൈക്കോടതി പ്രിയ വര്‍ഗീസിന് അനുകൂലമായി വിധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാന്‍ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്ക യു.ജി.സി.ക്കുണ്ട്. ഈ സാഹചര്യത്തത്തിലാണ് കേരള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ യു.ജി.സി. ഒരുങ്ങുന്നത്. ഹൈക്കോടതി വിധിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.