ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
ഡല്‍ഹി പോലീസിനോട് ക്രമസമാധാനം വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളാന്‍ നിര്‍ദേശം നല്‍കിയതായി ലെഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ അറിയിച്ചു.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ഞായറാഴ്ചയാണ്. തിങ്കളാഴ്ച വീണ്ടും ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളുമാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഏറ്റുമുട്ടിയത്.
24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്.സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഗോക്കല്‍ പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരുവിഭാഗം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഒരു ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.