വെട്രിമാരന്റെ വിടുതലൈ പാര്‍ട്ട് 1 ഒടിടിയിലേക്ക്

ചെന്നൈ: സംവിധായകൻ വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ പാര്‍ട്ട് 1. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ ഹാസ്യ നടന്‍ സൂരിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് വരുകയാണ്.

കഴിഞ്ഞ 15 വര്‍ഷമായി തമിഴ് സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍ മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം. റെഡ് ജയന്റ് മൂവീസ് ആണ് വിതരണം.

ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിംഗ് ആര്‍ രാമര്‍, സംഘട്ടനം പീറ്റര്‍ ഹെയ്‍ന്‍, സ്റ്റണ്ട് സിവ, വരികള്‍ സുക, യുഗ ഭാരതി. രണ്ട് ഭാഗങ്ങളായി പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് മാര്‍ച്ച് 31 ന് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.

2023 ഏപ്രിൽ 28-ന് ചിത്രം സീ5 ല്‍ ഒടിടി പ്രീമിയർ ചെയ്യുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഔദ്യോഗികമായി സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഇതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.

Top