മംഗളൂരു: ഇന്ത്യയിലെ മുന്‍നിര കോഫി ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി. സിദ്ധാര്‍ത്ഥയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതിനിടെ രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ അയച്ച കത്ത് പുറത്തുവന്നു.
സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം മുതലാണ് അദ്ദേഹത്തിനെ കാണാതായത്. തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്ന് 375 കിലോമീറ്റര്‍ അകലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കവേ അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി പോയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡ്രൈവര്‍ വീട്ടുകാരെ അറിയിച്ചു. വീട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസ് തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. മറ്റേതെങ്കിലും വാഹനത്തില്‍ കയറിപ്പോയതാണോ, അബദ്ധത്തില്‍ നദിയില്‍ വീണതാണോ തുടങ്ങി എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് നേത്രാവതി നദിയില്‍ പൊലീസ് നടത്തുന്ന തിരച്ചില്‍ കണ്ട ശേഷം സിദ്ധാര്‍ഥയുടെ സുഹൃത്തായ മുന്‍ കോണ്‍ഗ്രസ് മന്ത്രി യു.ടി.ഖാദര്‍ വ്യക്തമാക്കി.
രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ പ്രമുഖനാണ് ‘കോഫി കിങ്’ എന്ന് അറിയപ്പെടുന്ന സിദ്ധാര്‍ത്ഥ. അദ്ദേഹത്തിന്റെ ഓഫീസുകളില്‍ 2017 സെപ്റ്റംബറില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയിരുന്നു. 130 വര്‍ഷത്തോളമായി കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബമാണ് സിദ്ധാര്‍ത്ഥയുടേത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയുടെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണ്. സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി. സിസാഡ എന്നിവയുടെയും സ്ഥാപകനും. 1996 ല്‍ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം രാജ്യമെമ്പാടും വ്യാപിച്ച കഫെ കോഫി ഡേ ശൃംഖല ഇന്ന് രാജ്യാന്തര ബ്രാന്‍ഡാണ്.