ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനും കച്ചകെട്ടി വിശ്വഹിന്ദു പരിഷത്ത്. അയോധ്യയില്‍ ശിലകളെത്തിച്ചതിനു പിന്നാലെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിച്ച് അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന തുടക്കമിടുന്നത്.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം പണിയുമെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് ശരദ് ശര്‍മ. ഏപ്രില്‍ 15ലെ രാമനവമി ദിനത്തില്‍ ഒരാഴ്ചത്തെ രാമ മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളുടെ നിര്‍മാണം ആരംഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഗ്രാമങ്ങളിലും രാമനെ പൂജിക്കും. പൂജ നടക്കുന്നയിടങ്ങളില്‍ രാമന്റെ ബിംബമോ ചിത്രമോ സ്ഥാപിക്കും. അവ പൂജക്കു ശേഷം അതേ സ്ഥലത്ത് അവശേഷിക്കും. 1.25 ലക്ഷം ഗ്രാമങ്ങളില്‍ പരിപാടി നടത്താനാണ് നീക്കം. വര്‍ഷങ്ങളായി തങ്ങള്‍ രാമ മഹോത്സവം സംഘടിപ്പിക്കുന്നുണ്ടെന്നും ഇതിലൂടെ 70,000 ഗ്രാമങ്ങളിലത്തൊന്‍ തങ്ങള്‍ക്കായെന്നും ശരദ് ശര്‍മ പറഞ്ഞു. ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അന്തരിച്ച വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎച്ച്.പിയുടെ രാമക്ഷേത്രനീക്കം പ്രതിസന്ധിയിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് പശുവിറച്ചി കഴിച്ചെന്ന ആരോപണം ഉയര്‍ത്തി ദാദ്രിയില്‍ കൊലപാതകം നടത്തിയതിന് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ പേരുദോഷം കേള്‍ക്കേണ്ടി വന്നത് മോദിയാണ്. അസഹിഷ്ണുതയുടെ പേരില്‍ മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും കടന്നാക്രമണം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രാമക്ഷേത്രനിര്‍മ്മാണത്തിലുള്ള വി.എച്ച്.പിയുടെ നീക്കം തിരിച്ചടിയാവുക മോദിക്കാവുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്ക്.