VHP’s first lot of stones for temple arrives in Ayodhya

അയോദ്ധ്യ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്വഹിന്ദു പരിഷത്ത് വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്ര നിര്‍മാണത്തിനാവശ്യമുള്ള കല്ലുകളുമായി രണ്ട് ട്രക്കുകള്‍ ഞായറാഴ്ച അയോദ്ധ്യയിലെത്തി.

അയോദ്ധ്യയിലെ വി.എച്ച്.പിയുടെ ഉടമസ്ഥതയിലുള്ള സേവക്പുരത്താണ് കല്ലുകള്‍ എത്തിച്ചത്. ക്ഷേത്ര നിര്‍മാണം തുടങ്ങുന്നതിന് മുന്നോടിയായുള്ള ശിലാപൂജയും നടന്നു. നിര്‍മാണത്തിനാവശ്യമായ കല്ലുകള്‍ വരും ദിവസങ്ങളിലും കൊണ്ടുവരുന്നത് തുടരുമെന്ന് വി.എച്ച്.പി വക്താവ് ശരദ് ശര്‍മ പറഞ്ഞു.

ക്ഷേത്രനിര്‍മാണത്തിനുള്ള സമയമിതാണെന്ന ‘സൂചന’ മോദി സര്‍ക്കാറില്‍നിന്ന് ലഭിച്ചെന്നാണ് വിഎച്ച്പിയുടെ അവകാശവാദം.

അതേസമയം, ക്ഷേത്ര നിര്‍മാണത്തിന് കല്ലുകള്‍ എത്തിച്ചതോടെ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ സംഘര്‍ഷ സാദ്ധ്യത ഉടലെടുത്തു. പൊലീസ് സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്.

പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കെ, കല്ലുകള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവാശിഷ് പാെണ്ഡ വ്യക്തമാക്കി.

അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നിര്‍മോഹി അഖാരയ്ക്കുമായി മൂന്നായി വിഭജിച്ചു നല്‍കാന്‍ 2010 സെപ്തംബറില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വിധിച്ചിരുന്നു. 2.7 ഏക്കര്‍ ഭൂമിയിലാണ് തര്‍ക്കം നിലനിന്നത്. കോടതി വിധിയോടെ 90 സെന്റ് വീതമായിരുന്നു ഓരോ കക്ഷിയ്ക്കും ലഭിച്ചത്. ഹിന്ദു മഹാസഭ, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര എന്നിവയാണ് തര്‍ക്കകക്ഷികള്‍.

എന്നാല്‍ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തിരിക്കുകയാണ്.

Top