ഡല്‍ഹി: ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന് ഇന്ന് തുടക്കം. രാവിലെ ഗാന്ധി നഗറിലെ മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയാവും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഇന്നലെ ഒപ്പുവച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായും നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്ന വിവിധ രാഷ്ട്രതലവന്‍മാരും പ്രതിനിധികളും വൈകിട്ട് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും.
സമ്മിറ്റിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി ബന്ധം ശക്തമാക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉണ്ടായെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. അഹമ്മദാബാദില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളെയും ചേര്‍ത്തു നിര്‍ത്തുന്ന ഘടകങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.